ചരിത്രം

ഇപ്പോള്‍ “മില്‍മ” എന്ന സുപരിചിതവ്യാപാര നാമത്തില്‍ അറിയപ്പെടുന്ന കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ദേശീയ ക്ഷീര വികസന പദ്ധതിയുടെ സംസ്ഥാന അനുബന്ധമായി 1980 ല്‍ രൂപീകൃതമായതാണ്.  ഇത് ഒരു ത്രിതല സ്ഥാപനമാണ്.  31.03.2012 ല്‍ അടിസ്ഥാന തലത്തില്‍ 8.6 ലക്ഷം പ്രാദേശിക ക്ഷീരകര്‍ഷകര്‍ അംഗങ്ങളായിട്ടുളള 3059 ആനന്ദ് മാതൃക പ്രാഥമിക ക്ഷീരോല്പ്പാദക സഹകരണ സഘങ്ങളാണ് മില്‍മയില്‍ ഉളളത്.  ഈ പ്രാഥമിക സംഘങ്ങളെ പ്രാദേശികാടിസ്ഥാനത്തില്‍ മൂന്ന് മേഖലാ സഹകരണ ക്ഷീരോല്പ്പാദക യൂണിയനുകളുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഈ യൂണിയനുകള്‍ യഥാക്രമം തിരുവനന്തപുരം മേഖല ടി.ആര്‍.സി.എം.പി.യു എന്നും, എറണാകുളം മേഖല ഇ.ആര്‍.സി.എം.പി.യു എന്നും മലബാര്‍ മേഖല എം.ആര്‍.സി.എം.പി.യു എന്നും അറിയപ്പെടുന്നു.  സംസ്ഥാനത്തിന്‍റെ ഉച്ചസ്ഥാനത്ത് തിരുവനന്തപുരം ആസ്ഥാനമായി കെ.സി.എം.എം.എഫ് പ്രവര്‍ത്തിക്കുന്നു.  കെ.സി.എം.എം.എഫിന്‍റെ നേരിട്ടുളള നിയന്ത്രണത്തിലുളള വിവിധ കേന്ദ്രങ്ങളില്‍ നിന്നും മേഖലാ യൂണിയനുകളിലുളള വിവിധ കേന്ദ്രങ്ങളില്‍ നിന്നും വിറ്റാമിന്‍ എ സംപുഷ്ടമായ പാലും പാലുല്പ്പന്നങ്ങളും ഉല്പ്പാദിപ്പിച്ച് വിപണനം നടത്തുന്നു.  കൂടാതെ മാമ്പഴപാനീയവും ഉല്പ്പാദിപ്പിച്ച് കേരളത്തിലുടനീളം വിതരണം ചെയ്യുന്നു.  സംസ്ഥാനത്ത് ക്ഷീരോല്പ്പാദനത്തില്‍ സ്വയ്യം പര്യാപ്തത എന്ന ദേശീയ ലക്ഷ്യം കൈവരിക്കുവാന്‍ മില്‍മ കാരണഭൂതമായിത്തീര്‍ന്നു.  എന്നാല്‍ കേരളത്തിലെ പ്രതിശീര്‍ഷ പാല്‍ ഉപഭോഗം ഉയര്‍ന്ന നിരക്കിലായതിനാല്‍ പലപ്പോഴും ലക്ഷ്യത്തില്‍ നിന്നും പിന്നോക്കം പോകേണ്ടതായി വന്നിട്ടുണ്ട്.  സ്ഥാപക ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞതില്‍ കെ.സി.എം.എം.എഫ് സംതൃപ്തമാണ്.  ദേശീയ ക്ഷീര വികസന ബോര്‍ഡ്, സംസ്ഥാനത്തെ മൃഗസംരക്ഷണ വകുപ്പ്, ക്ഷീരവികസന വകുപ്പ്, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്പ്‌മെന്‍റ് ബോര്‍ഡ് എന്നിവയുമായുളള അടുത്ത സഹകരണവും സഹവര്‍ത്തിത്വവും മൂലമാണ് കെ.സി.എം.എം.എഫിന് പ്രവര്‍ത്തന മികവ് കൈവരിക്കുവാന്‍ കഴിഞ്ഞത്.

 

ഓപ്പറേഷന്‍ ഫ്‌ളഡ് (ധവള വിപ്ലവം)

ഉല്പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയോട് സഹകരണാടിസ്ഥാനത്തില്‍ സംയോജിത സമീപനം സ്വീകരിച്ച ഗുജറത്തിലെ കെയ്‌റ ജില്ലയില്‍ കര്‍ഷക ഉടമസ്ഥതയിലുളള ആനന്ദ് അമുല്‍ സഹകരണ സംഘം അറുപതുകളില്‍ ക്ഷീര മേഖലയിലെ ഒരു വിജയകഥ ആയിരുന്നു.  കര്‍ഷകര്‍ക്ക് പരമാവധി ആദായം ഉറപ്പുവരുത്തിക്കൊണ്ട്, സ്വയം ഭരണ അടിസ്ഥാനത്തിലുളള ഒരു മാതൃകയായി പില്ക്കാലത്ത് ഇത് ക്രമാനുഗതമായി വികസിച്ചു.  ഈ മാതൃക  “ആനന്ദ് പാറ്റേണ്‍” എന്ന പേരില്‍ അറിയപ്പെട്ടു.  ഈ മാതൃകയുടെ കാര്യക്ഷമത അനുകരണ യോഗ്യമായതിനാല്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിന്‍റെ കീഴില്‍ ഓപ്പറേഷന്‍ ഫ്‌ളഡ് എന്ന ക്ഷീരവികസന പദ്ധതിക്ക് 1970 ല്‍ തുടക്കം കുറിച്ചു.  എന്‍.ഡി.ഡി.ബി സാങ്കേതിക ഉപദേഷ്ടാവായും മുമ്പത്തെ ഇന്‍ഡ്യന്‍ ഡയറി കോര്‍പ്പറേഷന്‍ ധനസഹായ ഏജന്‍സിയായും പ്രവര്‍ത്തിച്ചു.  ഗ്രാമീണ മേഖലയിലെ പാല്‍ ഉല്പ്പാദന കേന്ദ്രങ്ങളെ നഗരങ്ങളിലെ വിപണന കേന്ദ്രങ്ങളുമായി പ്രത്യുപകരാടിസ്ഥാനത്തില്‍ ബന്ധപ്പെടുത്തി ജീവക്ഷമമായ ഒരു ക്ഷീര വ്യവസായം കെട്ടിപ്പടുക്കുക എന്നതാണ് ഓപ്പറേഷന്‍ ഫ്‌ളഡ് എന്നതിന്റെ പ്രത്യയശാസ്ത്രം.  

കേരളം ഓപ്പറേഷന്‍ ഫ്‌ളഡിന്‍റെ (1980-1987) രണ്ടാം ഘട്ടത്തിലാണ് കേരളത്തെ ഉള്‍പ്പെടുത്തിയത്.  തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍വരെയുളള എട്ടു തെക്കന്‍ ജില്ലകളെ മൊത്തം 29 കോടി രൂപ മുതല്‍ മുടക്കില്‍ ഉള്‍പ്പെടുത്തി.  1980 മുതല്‍ കെ.സി.എം.എം.എഫ് കേന്ദ്രീകൃത കൂട്ടായ പ്രവര്‍ത്തനങ്ങള്‍, പ്രബലമായ പാല്‍ സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്തുക, ക്ഷീര സംഘങ്ങളെ രൂപീകരിക്കല്‍, വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ വ്യാപൃതമായിരുന്നു.  1983 ഏപ്രില്‍ മാസത്തില്‍ സംഭരണം വിപണനം എന്നീ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരില്‍ നിന്നും ഏറ്റെടുത്തതോടുകൂടി മില്‍മ സ്വതന്ത്ര നിലയിലായി.  

രണ്ടാം ഘട്ടത്തിലെ പ്രകടനത്താല്‍ പ്രചോദിതമായി അതേ മേഖലകളെ ഓപ്പറേഷന്‍ ഫ്‌ളഡിന്‍റെ മൂന്നാം ഘട്ടത്തിലും ഉള്‍പ്പെടുത്തി.  ഇതിന്‍റെ മുതല്‍ മുടക്ക് 18 കോടി രൂപയായിരുന്നു.

സഹകരണവല്‍ക്കരണത്തിന്‍റെ വര്‍ദ്ധിച്ചുവന്ന ജനപ്രീതി അധികാരികളെ പുതിയ മേഖലകളിലേക്ക് കടന്നുചെല്ലാന്‍ പ്രേരിപ്പിച്ചു.  വടക്കന്‍ കേരള ക്ഷീരപദ്ധതിക്ക് തുടക്കം കുറിക്കുക വഴി മുന്‍ പദ്ധതിയില്‍ ഉള്‍പ്പെടാതിരുന്ന പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെയുളള ജില്ലകളെ സഹകരണ കുടക്കീഴില്‍ കൊണ്ടുവന്നു.  ഈ പദ്ധതിയുടെ സാമ്പത്തിക സഹായം നല്‍കിയത് എന്‍.ഡി.ഡി.ബി വഴി സ്വിസ് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷനാണ്.  ഈ സംഘടന അനുവര്‍ദ്ധിച്ചുവരുന്ന തൃതല സംവിധാനത്തിന്‍റെ അടിസ്ഥാനം  “ജനങ്ങളുടെ ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി“ ആപ്ത വാക്യമാണ്.  ഈ പ്രവര്‍ത്തന ശൈലി മൂലം ഗ്രാമീണ തല സഹകരണ സംഘം മുതല്‍ സംസ്ഥാന തല ഫെഡറേഷന്‍ ഭരണസമിതി വരെ ക്ഷീരകര്‍ഷകന്‍റെ ശക്തി അനുഭവവേദ്യമാകുന്നു.  

ഗ്രാമതലത്തില്‍ പ്രാദേശിക ക്ഷീരോല്പ്പാദകര്‍ അംഗങ്ങളായുളള ക്ഷീര സഹകരണ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമീണ പ്രാഥമിക സംഘങ്ങള്‍ മേഖലാടിസ്ഥാനത്തില്‍ യോജിച്ച് മേഖല സഹകരണ ക്ഷീരോത്പ്പാദക യൂണിയനുകള്‍ രൂപീകരിക്കുന്നു.  പ്രസ്തുത യൂണിയനുകള്‍ യോജിച്ച് സംസ്ഥാനതലത്തില്‍ സംസ്ഥാന ഫെഡറേഷന് രൂപം കൊടുക്കുന്നു.

 

Copyright © MILMA. All Rights Reserved.
Designed by JoomShaper
Designed by C-DIT